Friday 26 September 2014

തണലില്‍ നാലു നാളുകള്‍

Tripoto

ബാല്യം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാലമാണ് . ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണവും ചിന്താ രീതികളും അയാളുടെ ബാല്യത്തെ ആശ്രയിച്ചിരിക്കും .
ഇങ്ങിനെയുള്ള വസ്തുതകള്‍ കൂടാതെ ബാല്യത്തിനു നമ്മുടെ മനസ്സില്‍ വലിയൊരു സ്ഥാനമുണ്ട് . വളര്‍ന്നു പോയപ്പോള്‍ ജീവിതത്തിനു നഷ്ടപ്പെട്ട ഒരു സുഗന്ധം നമ്മുടെ എല്ലാം കുട്ടിക്കാലത്തിന് ഉണ്ട് .. ആ സുഗന്ധം ബാല്യത്തിന്‍റെ നിഷ്കളങ്കതയും അതിന്‍റെ ഓര്‍മകളും ആണ്..
ഈ പോസ്റ്റ്‌ എന്‍റെ ബാല്യത്തെപ്പറ്റി അല്ല ..നാലു ദിവസത്തെ എന്‍റെയൊരു മടങ്ങിപ്പോക്കിനെ കുറിച്ചാണ്  ..

മായന്നൂര്‍ .. ഒറ്റപ്പാലത്തെ ഒരു ഗ്രാമം .. വളരെ ഭംഗിയുള്ള ശാന്തമായ ഒരു ഗ്രാമം . അവിടെ തണല്‍ എന്നൊരു അനാഥ മന്ദിരം ഉണ്ട്..
അവിടെ ഞാന്‍ പോയത് എന്‍റെ ബന്ധുവും സുഹൃത്തും ആയ ശരണ്‍ എഴുതിയ ഒരു ഷോര്‍ട്ട്ഫിലിം ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു ..
അവിടുത്തെ നാലു ദിവസം .. നേരത്തെ പറഞ്ഞ സുഗന്ധം  ഒരുപാട് കാലത്തിനു ശേഷം അനുഭവിച്ച നാളുകളാണ്  ..
ഇനി ബാലാശ്രമത്തെ പറ്റി പറയാം ..


ഒരു അനാഥ മന്ദിരത്തില്‍ ഞാന്‍ ആദ്യമായി പോകുന്നത് അന്നായിരുന്നു ,, ഒരുപാടു അനാഥരായ കുട്ടികള്‍ ., അവരുടെ നിറമില്ലാത്ത ബാല്യം ചിലവഴിക്കേണ്ടി വരുന്ന ഒരു സ്ഥാപനം.. അങ്ങിനെയാണ് അനാഥ മന്ദിരത്തിനു എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം .
പക്ഷെ തണല്‍ ബാലാശ്രമം അങ്ങിനെയായിരുന്നില്ല ..
രാവിലെ ആയിരുന്നു ഞങ്ങള്‍ ചെന്നത് ..




ഒരുപാട് കുട്ടികള്‍..ഒരു വലിയ തറവാട് പോലെ.. നടുമുറ്റവും ഒക്കെ ഉള്ള തറവാട് തന്നെ ..എല്ലാവരുടെയും മുഘത്ത്‌ ആവേശവും സന്തോഷവും..
പരിചയക്കേടിന്റെ പ്രശ്നമേ ഇല്ല .. കളിയുടെ ഇടയില്‍ ഞങ്ങളുടെ അടുത്ത് വന്നു സംസാരിക്കുന്നു , പേര് ചോദിക്കുന്നു., അനാഥത്വത്തിന്റെ നിസ്സഹായതയോ ഒന്നുമല്ല ഞാന്‍ കണ്ടത്..ആനന്ദമയമായ ഒരു അന്ധരീക്ഷം. ചിലപ്പോള്‍ അതിന്‍റെയൊന്നും തിരിച്ചറിവിനുള്ള പ്രായം ആകാത്താതുകൊണ്ടാവാം  എന്ന് ഞാന്‍ കരുതി ...
ഇത്രയും കുട്ടികളെ ഒരുമിച്ചു ഞാന്‍ പണ്ടെപ്പോഴോ കണ്ടതാണ് .. കുറച്ചു  നേരം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ..ഏതു വലിയ പ്രശ്നത്തിനും ഉള്ള ഉത്തരം എളുപ്പം കിട്ടും എന്ന് തോന്നി ..
പക്വത ഇല്ലാത്ത പ്രായം എന്ന് വിശേഷിപ്പിക്കുമെങ്കിലും പക്വത ഉള്ള നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ ലളിതമായ രീതികളില്‍ പലതും കുട്ടികള്‍ ചെയ്യുന്നത് കാണാം ..


ഞങ്ങള്‍ ഉള്ളിലേക്ക് നടന്നു .. ഒരു നടുമുറ്റവും ഒരു ഇടനാഴിയും പിന്നെ വലിയ ഒരു അടുക്കളയും ..
അടുക്കള എന്നുവച്ചാല്‍ വലിയ അടുക്കള ..കുറഞ്ഞത്‌ ഒരു അഞ്ചു സ്ത്രീകളെങ്കിലും ഒരേ സമയത്ത് പാചകം ചെയ്യുന്നുണ്ട് ..അടുപ്പിനു മുകളില്‍ വലിയൊരു ചെമ്പില്‍ ചക്ക വേവിക്കുന്നു ..ഒരു സ്ഥലത്ത് ഉച്ചക്കുള്ള ചോറ് വേവിക്കുന്നു...ഇപ്പുറത്ത് കുറച്ചു പെണ്‍കുട്ടികള്‍ പച്ചക്കറി അരിയുന്നു .. വലിയ പഴയ ആട്ടുകല്ല് മോഡല്‍ ഗ്രൈന്‍റെറില്‍ മാവ് അരയ്ക്കുന്നു .. ഇതിനിടയിലൂടെ കുട്ടികള്‍ ഓടിക്കളിക്കുന്നു ...
ഈ ഒരു അന്ധരീക്ഷം പെട്ടെന്ന് തന്നെ ഞാന്‍ ഓര്‍ത്തെടുത്തു ...അവസാനമായി അങ്ങിനെ ഒരു കാഴ്ച്ച കുട്ടിക്കാലത്ത് ഓണത്തിനും വിഷുവിനും അച്ഛന്‍റെ തറവാട്ടില്‍ എല്ലാവരും ഒത്തുകൂടുമ്പോള്‍ ആണ് കണ്ടിട്ടുള്ളത് ..
ഒരുപാട് പേര്‍ ചേര്‍ന്ന് ഭക്ഷണം വയ്ക്കുന്ന കാഴ്ച്ചയുടെ കാര്യമല്ല .. അത് കല്യാണത്തിനും മറ്റു പന്തലുകള്‍കും താഴെ കാണാം .. ഇതങ്ങിനെ അല്ല ..
ലാഭ ഇച്ഛയോടെ  അല്ലാതെ  ഒരു വീട്ടിലെ അടുക്കള എന്ന ഒരു പ്രതീതിയില്‍ ഒരു ദിനചര്യയായി സ്ത്രീകള്‍ വര്‍ത്തമാനം പറഞ്ഞും ചിരിച്ചും മറ്റും ഉള്ള ഒരു വലിയ അടുക്കള ..




ഞങ്ങള്‍ ഷൂട്ടിംഗ് ഓരോന്നായി ചെയ്തുതുടങ്ങി ഉച്ചയായപ്പോള്‍ കുട്ടികളെല്ലാം കഴിക്കാന്‍ പോവാം ഏട്ടന്മാരെ എന്നും പറഞ്ഞു അടുക്കളയിലേക്കു ഓടി ..
അവിടെ എന്നും അളവിന് ഉണ്ടാക്കുന്ന ഭക്ഷണം ആവുമ്പോള്‍ അവരെ ബുദ്ധിമുട്ടിക്കരുതല്ലോ എന്ന് കരുതി ഞങ്ങള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു ..
അപ്പോഴേക്കും കുട്ടികള്‍ എല്ലാവരും കഴിച്ച് ഞങ്ങളുടെ ഒപ്പം അവിടുത്തെ വലിയ വരാന്ധയില്‍ കൂടെ ഇരുന്നും ഓരോന്ന് ചോദിച്ചും ഒക്കെ നിന്നു  .. അവരുടെ അന്വേഷണങ്ങളും സംശയങ്ങളും കേള്‍കുമ്പോള്‍ അധികം പുറത്തുനിന്നുള്ള ആരോടും സംസാരിച്ചിട്ടില്ല എന്ന് തോന്നി ..
അപ്പോള്‍ അവിടെ അടുക്കളയില്‍ നേരത്തെ ഞാന്‍ കണ്ട ഒരു മധ്യവയസ്കയായ സ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് "നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലേ ?" എന്ന് ചോദിച്ചു ..
ഞങ്ങളുടെ കൂടെ ഇരുന്ന ഒരു കുട്ടി "ഇവര് പുറത്തൂന്നു കഴിച്ചുത്രേ അമ്മേ " എന്ന് പറഞ്ഞു അവരോട് ..  അവര് ഞങ്ങളോട്   "ഉവ്വോ ? അത് സങ്കടായി ട്വോ ..!! നിങ്ങള്‍ക്കും വച്ചിരുന്നു ഭക്ഷണം "   എന്ന് പറഞ്ഞു ..
നാളെ മുതല്‍ ഇവിടുന്നു കഴിച്ചോളാം എന്ന് പറഞ്ഞപ്പോള്‍ ശരി എന്നും പറഞ്ഞു അവര്‍ അടുക്കളയിലേക്കു പോയി ..
കൂടെ ഇരുന്ന കുട്ടിയോട് അതാരാ ? എന്ന് ചോദിച്ചപ്പോള്‍ "അത് ഞങ്ങളുടെ അമ്മയാണ് " എന്ന് പറഞ്ഞു .. അവിടെ ഓഫീസ് മുറിയില്‍ കാര്യങ്ങള്‍ നോക്കാന്‍ വലിയ ചേട്ടന്മാര്‍ ഇരിക്കുന്നുണ്ടെങ്കിലും ...കുട്ടികളുടെ എല്ലാ കാര്യവും നോക്കുന്നത് അവരാണ് ..അതുകൊണ്ട് തന്നെ അവരുടെ എല്ലാവരുടെയും അമ്മയാണ് ആ സ്ത്രീ .. വലിയ ഉത്തരവാദിത്വം .. എന്നെ ഒരാളെ നോക്കാന്‍ മാത്രം കുട്ടിക്കാലത്ത് അമ്മ എത്ര കഷ്ടപ്പെട്ടിടുണ്ടാകും  എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു ...  പക്ഷെ ഇവിടെ അങ്ങിനെ പേടിപ്പിച്ചു നിര്‍ത്തി അനുസരിപ്പിക്കേണ്ട ആവശ്യമൊന്നും ഇവര്‍ക്കില്ല ...
എന്താ എന്ന് അറിയില്ല .. അവര് പറഞ്ഞാല്‍ കുട്ടികള്‍ ഒരു വലിയ പരിധി വരെ കാര്യങ്ങള്‍ മനസ്സിലാക്കി അനുസരിക്കുന്നു ..

ഞങ്ങള്‍ അന്നത്തെ ദിവസത്തേക്ക് പ്ലാന്‍ ചെയ്ത കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.. അപ്പോള്‍ അമ്മ ഞങ്ങക്ക്  ചായ കൊണ്ടുവന്നു തന്നു  അതും കയ്യില്‍ പിടിച്ചു ഹാളില്‍ നിന്നും പുറത്തേക്കു ഇറങ്ങി.. അടുക്കളയില്‍ കുട്ടികള്‍ എല്ലാവരും ചായ കുടിക്കുകയാണ് ..നേരത്തെ പറഞ്ഞ നടുമുറ്റത്ത്‌ എത്തിയപ്പോള്‍ നല്ല തകര്‍പ്പന്‍ മഴ തുടങ്ങി ..


 അവിടുത്തെ തിണ്ണയില്‍ ഇരുന്നു ചായയും കുടിച്ചു മഴ കണ്ടുകൊണ്ടു നില്കുമ്പോഴേക്കും കുറെ കുട്ടികള്‍ ഞങ്ങളുടെ അടുത്ത് വന്നു ഇരിക്കാന്‍ തുടങ്ങി ..
കുറച്ചു കഴിഞ്ഞപ്പോള്‍ നാലു ഭാഗത്തെ തിണ്ണയിലും കൂടി ഞങ്ങള്‍ ഒരു മുപ്പതു പേരെങ്കിലും ആയി .. ഒരു നാലോ അഞ്ചോ വയസ്സുള്ള ഒരുത്തി എന്‍റെ അടുത്ത് വന്നിട്ട് "എന്നെ മടിയില്‍ ഇരുത്തുവോ ?" എന്ന് ചോദിച്ചു .. പിന്നെന്താ ..എന്നും പറഞ്ഞു അവളെ മടിയില്‍ കയറ്റി ഇരുത്തി ..
അപ്പുറത്ത് നോക്കിയപ്പോ ഞങ്ങളുടെ ടീമിലെ ഒരുത്തന്‍ കുറച്ചു കുട്ടികളുടെ  കൂടെ  'അക്കുത്തിക്കുത്താന ' ഒക്കെ കളിക്കുന്നു ... ത്രിശുര്‍ക്കാരന്‍ ആയിരുന്ന അവന്‍ കളിയുടെ ഇടയില്‍ എന്നോട് പറഞ്ഞു " ഈ പിള്ളാരൊക്കെ ജാദി ഘടിയോളാട്ടാ .. ഒരു രക്ഷേം ഇല്ലാത്ത കളി ആണ്  " എന്ന് ...
അതൊരു നല്ല വൈകുന്നേരം ആയിരുന്നു ..ഞങ്ങളെ പോകാതെ അവിടെ പിടിച്ചിരുത്തിയത് മഴ മാത്രമല്ലായിരുന്നു ..
അവസാനമായി ആരുടേലും ഒക്കെ കൂടെ ഇരുന്ന് മഴയും കണ്ടു വര്‍ത്തമാനം പറഞ്ഞിരുന്നത് എന്നാ ?? ആലോചിച്ചു നോക്കിയാല്‍ അപ്പോഴും ചെന്നെത്തുന്നത് കുട്ടിക്കാലത്തേക്ക് ആണ് ... തറവാട്ടില്‍ പണ്ട് ഓണത്തിനോ മറ്റോ ഒത്തുകൂടിയിരുന്ന സമയത്ത് തന്നെ .. ഞങ്ങള്‍ കുട്ടികള്‍ തിണ്ണയില്‍ ഇരുന്നു മുറ്റത്തെ വെള്ളത്തില്‍ തുള്ളികള്‍ വട്ടത്തില്‍ വീഴുന്നത് നോക്കിയിരുന്നിരുന്നു അന്ന്  ..


ഇപ്പോഴും തുള്ളികള്‍ വെള്ളത്തില്‍ വീണാല്‍ വട്ടത്തില്‍ തന്നെയാണ് പരക്കുക എന്ന് അവിടെ ഇരുന്നു കണ്ടപ്പോള്‍ മനസ്സിലായി .. അല്ല ! എല്ലാം മാറിയല്ലോ .. ഇത് മാറിയില്ലാ എന്നാ ഉദ്ദേശിച്ചത് .. എല്ലാവരും ഒത്തുകൂടുന്നത് മാറി ... മണ്ണിട്ട മുറ്റങ്ങള്‍ മാറി ...ഇന്‍റര്‍ലോക്ക് കട്ടകള്‍ ഉള്ള മുറ്റത്ത്‌ വെള്ളം വട്ടത്തില്‍ ചിതറില്ല ..!!
ഒരു ഹോംലി ഫീലിംങ്ങ്.. മൊത്തത്തില്‍..ഇനിപ്പോ വീട്ടില്‍ പോകണ്ടേ എന്നാണു തോന്നിയത് ... സാധാരണ ഒറ്റക്കിരിക്കുന്നതില്‍ അസ്വസ്ഥത തോന്നാത്ത എനിക്ക് ഒരുമിച്ചിരിക്കുന്നതിന്‍റെ രസം ഒരുപാട് കാലത്തിനു ശേഷം മനസ്സിലാകുന്നത്‌ അപ്പോഴൊക്കെയായിരുന്നു  ..

പിന്നീടുള്ള മൂന്നു  നാളുകള്‍ അവിടേക്ക് പോകാന്‍ തന്നെ ഭയങ്കര ആവേശം ആയിരുന്നു .. അവിടെ ആരൊക്കെയോ കാത്തിരിക്കുന്നത് പോലെ ..
ഒരു വലിയ കുടുംബം പോലെ ഒരുമിച്ചിരുന്നു ഭക്ഷണം .. തീരാത്ത വര്‍ത്തമാനങ്ങള്‍ .. ഒരു ഗൃഹാതുരത ഫീല്‍ ചെയ്യാമായിരുന്നു ..

അവിടെ പ്ലസ്‌ ടു പഠിക്കുന്ന രണ്ടു മൂന്നു പെണ്‍കുട്ടികളെ കണ്ടു .. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലിക്ക് പോയവരും ഉണ്ടെന്നു അറിഞ്ഞു .. അവിടെതന്നെ ആരോ പറഞ്ഞുകേട്ടു ഇവിടുന്നുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ മതി എന്ന ആവശ്യവുമായി വരെ കല്യാണാലോചനകള്‍ വരാറുണ്ട് എന്ന് ..
പണവും പ്രതാപവും കണ്ടു കല്യാണാലോചനകള്‍ അരങ്ങു വാഴുന്ന ഈ കാലത്ത് മാനുഷിക മൂല്യങ്ങള്‍ക് പരിഗണന കൊടുക്കാന്മാത്രം നന്മയുള്ളവര്‍ കുറച്ചെങ്കിലും ഉണ്ട് എന്നത് ചിന്തിക്കുമ്പോള്‍ വലിയ ആശ്വാസം തരുന്ന കാര്യമാണ് ...
നാലു ദിവസത്തെ പരിപാടി കഴിഞ്ഞ് ഞങ്ങള്‍ക്ക് പോകാറായി എന്ന് മനസ്സിലാകുമ്പോള്‍ വിഷമമായിരുന്നു ..

നമുക്ക് ചില കാര്യങ്ങളോട് പെട്ടെന്ന് അടുപ്പം തോന്നാറില്ലേ ? പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ , ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളോട് വല്ലാത്ത ഒരു കമ്മിട്മെന്‍റ്..
അങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നമ്മുടെ പഴയ കാലവുമായി എന്തെങ്കിലും ഒരു സാമ്യതയോ ബന്ധമോ  ഉണ്ടാകും  ..

"ഇനി എപ്പോഴാ വരുവാ ? " എന്ന ചോദ്യത്തിനു .."ഉടനെ തന്നെ" ... എന്ന മറുപടിയുമായി അവിടുന്ന് ഇറങ്ങുമ്പോള്‍ ഒരു വലിയ തിരിച്ചറിവ് എനിക്കുണ്ടായിരുന്നു ..

'ഇവിടെ ഉള്ള കുട്ടികള്‍ അല്ല അനാഥര്‍ ... പുറത്ത് വീടുകളില്‍., കുട്ടിക്കാലം പരിഷ്കാരങ്ങളിലും ക്ലാസ്സ്‌ മുറികളിലും മാത്രം ചിലവിടുന്ന .. കൂടെ ഓടിക്കളിക്കാനും പങ്കുവയ്ക്കാനും ആരും ഇല്ലാത്ത കുട്ടികള്‍ തന്നെയാണ് അനാഥര്‍ ..'


______________________________________________________________________________